Saturday, August 30, 2025
Online Vartha
HomeTrivandrum Ruralവിഖ്യാത മാന്ത്രികന്‍ പി.സി സര്‍ക്കാരിന്റെ പ്രതിമയ്ക്കു മുമ്പില്‍ വിതുമ്പി പി.സി. സര്‍ക്കാര്‍ ജൂനിയർ

വിഖ്യാത മാന്ത്രികന്‍ പി.സി സര്‍ക്കാരിന്റെ പ്രതിമയ്ക്കു മുമ്പില്‍ വിതുമ്പി പി.സി. സര്‍ക്കാര്‍ ജൂനിയർ

Online Vartha

കഴക്കൂട്ടം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലൊരുക്കിയ പി.സി സര്‍ക്കാരിന്റെ വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പ്രതിമയ്ക്കുമുമ്പില്‍ വികാരാധീനനമായി പി.സി സര്‍ക്കാര്‍ ജൂനിയര്‍. അച്ഛന്റെ പ്രതിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുകയായിരുന്നു. അച്ഛന്റെ പ്രതിമ ഇന്ത്യയിലൊരിടത്തും സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നല്‍കുവാന്‍ ശ്രമിച്ച മാജിക് പ്ലാനറ്റിനും മുതുകാടിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിമ നിലകൊള്ളുവാന്‍ ഏറ്റവും ഉചിതമായ ഇടം മാജിക്കിന്റെ വിസ്മയലോകമായ മാജിക് പ്ലാനറ്റ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അച്ഛന്റെ പ്രതിമയെ തൊട്ടുവണങ്ങിയ ശേഷം അതേ ജാലവിദ്യ സര്‍ക്കാര്‍ കുടുംബത്തിലെ എട്ടാം തലമുറക്കാരന്‍ കൂടിയായ അദ്ദേഹം കാണികള്‍ക്കായി പുനരവതരിപ്പിച്ചു. പി.സി സര്‍ക്കാര്‍ ജൂനിയറിന്റെ മകള്‍ മനേകാ സര്‍ക്കാറും വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് അവതരിപ്പിച്ചത് കാണികള്‍ക്ക് ഇരട്ടിമധുരമായി. ഒഴിഞ്ഞ കുടത്തില്‍ നിന്നും ഒരിക്കലും നിലയ്ക്കാത്ത ജലപ്രവാഹത്തിന്റെ പ്രതീകമായാണ് വാട്ടര്‍ ഓഫ് ഇന്ത്യ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടത്. ജപ്പാനില്‍ നടന്ന ഒരു ഇന്ദ്രജാല പരിപാടിക്കിടെയാണ് സര്‍ക്കാര്‍ മരണപ്പെടുന്നത്. അന്ന് മുതല്‍ അതേ ജാലവിദ്യ പി.സി സര്‍ക്കാര്‍ ജൂനിയര്‍ ഏറ്റെടുക്കുകയായിരുന്നു.

 

ചടങ്ങില്‍ പി.സി സര്‍ക്കാര്‍ ജൂനിയര്‍, മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. പ്രൊഫഷണല്‍ മാന്ത്രികന്‍ എന്ന നിലയിലുള്ള തന്റെ കരിയര്‍ ഉപേക്ഷിച്ച്, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുതുകാടിന്റെ ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പി,സി സര്‍ക്കാര്‍ ജൂനിയര്‍, അദ്ദേഹത്തിന്റെ പത്‌നി ജയശ്രീ ദേവി, മകളും മജിഷ്യയുമായ മനേകാ എന്നിവരെ പ്രമുഖ വ്യവസായിയും ചടങ്ങിലെ മുഖ്യാതിഥിയുമായ ഗോകുലം ഗോപാലന്‍ ആദരിച്ചു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!