തിരുവനന്തപുരം: എൻഡിഎ ഉഭയകക്ഷി ചർച്ച പൂർത്തിയായതായി എൻഡിഎ വൈസ് ചെയർമാൻ പികെ കൃഷ്ണദാസും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു. എല്ലാ ഘടകകക്ഷികളും ഉന്നയിച്ച ആവശ്യങ്ങൾ ബിജെപിയുടെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യസഖ്യം ഒറ്റക്കെട്ടായി പോരാടും. അതിന് വേണ്ട റോഡ് മാപ്പ് സംസ്ഥാന നേതൃയോഗം ആസൂത്രണം ചെയ്തു. കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുകൂലമാണ്. എൽഡിഎഫും യുഡിഎഫും ദുർബലമായിരിക്കുകയാണ്. എൽഡിഎഫിൻ്റെ പൊന്നാനി സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. മുസ്ലിം ലീഗിൻ്റെ സ്ഥാനാർത്ഥിയായി ഇടി മുഹമ്മദ് ബഷീർ നിൽക്കില്ലെന്ന ഉറപ്പ് സിപിഎം സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് നൽകിയെന്നാണ് പറയുന്നത്. ലീഗ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് എകെജി സെൻ്ററാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മലപ്പുറത്തും പൊന്നാനിയിലും സിപിഎം ലീഗിന് വോട്ട് ചെയ്യും. മറ്റിടങ്ങളിൽ ലീഗ് സിപിഎമ്മിന് വോട്ട് ചെയ്യും. കോൺഗ്രസ് ഇതിന് മറുപടി പറയണം. വർഗീയവാദികളെയും തീവ്രവാദികളെയും പ്രീണിപ്പിക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. രണ്ട് മുന്നണികളും അശ്ലീല മുന്നണികളായി മാറി. കേരളത്തിലെ ജനങ്ങൾ 400 സീറ്റ് നേടുന്ന എൻഡിഎക്കൊപ്പമാണ് നിൽക്കുക. 40 സീറ്റ് കിട്ടുന്ന ഇണ്ടി മുന്നണിയെ മലയാളികൾ കൈവിടുമെന്നുറപ്പാണ്.
എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും എൻഡിഎ കൺവെൻഷൻ നടത്തുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പത്മകുമാർ, ശിവസേന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, കെകെസി സംസ്ഥാന അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, എൻകെസി അദ്ധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്ജെഡി അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ജെആർപി അദ്ധ്യക്ഷ സികെ ജാനു, എൽജെപി(ആർ) അദ്ധ്യക്ഷൻ രാമചന്ദ്രൻ പിഎച്ച്, ആർഎൽജെപി നേതാവ് നിയാസ് വൈദ്യരത്നം തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.