തിരുവനന്തപുരം : 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 25 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 6:30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങും.മമ്മൂട്ടി, ടൊവീനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിക്കും.
പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം മികച്ച പിന്നണിഗായകര്‍ക്കുള്ള പുരസ്‌കാരജേതാക്കളായ കെ.എസ്. ഹരിശങ്കര്‍, സെബ ടോമി എന്നിവര്‍ നയിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ചലച്ചിത്ര അവാര്‍ഡുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനിലിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ.റസൂല്‍ പുക്കുട്ടി ആമുഖഭാഷണം നടത്തും. ജൂറി ചെയര്‍പേഴ്‌സണും നടനുമായ പ്രകാശ് രാജ് ചലച്ചിത്രവിഭാഗം ജൂറി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് ജെ.സി ഡാനിയേല്‍ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിക്കും.അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ വി. പ്രിയദര്‍ശിനി, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്, രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ മധു ഇറവങ്കര, കെ.എസ്.എഫ്.ഡി.സി ചെയര്‍പേഴ്‌സണ്‍ കെ. മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.






