ഡൽഹി : ആമയിഴഞ്ചാൻ കനാൽ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ട് മരണപ്പെട്ട, റെയിൽവെ കോൺട്രാക്ട് തൊഴിലാളി ജോയ് യുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹീം എം പി ശൂന്യവേളയിലെ ചർച്ചക്കിടെ ആവശ്യപ്പെട്ടു.ഇന്ത്യൻ റെയിൽവേക്ക് ഇപ്പോഴും കൊളോണിയൽ ഹാങ്ങ് ഓവർ മാറിയിട്ടില്ല. അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധ സമീപനമാണ് അപകട സമയത്ത് റെയിൽവെ കാണിച്ചത്. ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പോലും സംഭവ സ്ഥലത്ത് വരാനോ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ തയ്യാറായില്ല. കേരളത്തിലെ റെയിൽവെ യാത്രക്കാരുടെ അവസ്ഥയും അങ്ങേയറ്റം ദുരിതപൂർണമാണ്. ട്രെയിനുകളിലെ തിങ്ങി ഞെരുങ്ങുന്ന തിരക്ക് കാരണം യാത്രക്കാർ അവശരായി വീഴുന്നത് ഇന്ന് നിത്യകാഴ്ചയാണ്. കേരളത്തിന് ആവശ്യമായ ട്രെയിൻ സർവീസുകളോ പുതിയ കോച്ചുകളോ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല.പരിതാപകരമായ സിഗ്നലിംഗ് സംവിധാനമാണ് കേരളത്തിലുള്ളത്. കേരളത്തിൽ 100Km/h സ്പീഡിൽ പോലും തുടർച്ചയായി ട്രെയിനിന് സഞ്ചരിക്കാനാകില്ല. ഇത്തരം പ്രതിസന്ധികൾക്കുള്ള പരിഹാരമാണ് K -Rail. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ ഈ സ്വപ്ന പദ്ധതിക്ക് ചുവപ്പ് നാടയാവുകയാണ്. റെയിൽവേ ഉടൻ ഇത്തരം സമീപനങ്ങൾ തിരുത്തണമെന്നും കേരളത്തിന് പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്നും എ എ റഹീം എം പി ശൂന്യവേളയിൽ ആവശ്യപ്പെട്ടു.