തിരുവനന്തപുരം: അമ്പൂരി പഞ്ചായത്തിലെ കൊടുമല വാർഡിലെ ആദിവാസി കോളനികൾ സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ചാക്കപ്പാറയിലെത്തിയ സ്ഥാനാർത്ഥിക്ക് ആദിവാസി സമൂഹം ഉജ്ജ്വല വരവേൽപ്പ് നൽകി. കോളനികളിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനോട് ദുരിതങ്ങളുടെ കെട്ടഴിച്ച് കോളനി നിവാസികൾ. ഇവിടെ സഞ്ചാരയോഗ്യമായ റോഡുകളില്ല എന്നതാണ് കോളനി നിവാസികൾ പ്രമുഖമായും സ്ഥാനാർത്ഥിയോട് പരാതിയായി പറഞ്ഞത്. അമ്പൂരിയിലെ ചാക്കപ്പാറ, അച്ചവിളാകം, കാരിക്കുഴി. ശംഖിൻകോണം, പുരവിമല, തെന്മല ഈ മേഖലയിലൂടെ സഞ്ചരിച്ച സ്ഥാനാർത്ഥിക്ക് വിഷയം നേരിട്ട് ബോധ്യപ്പെട്ടുവെന്നും തീർച്ചയായും പരിഹാരം കാണാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. അഞ്ചൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലകളിലായി 13 ഓളം സെറ്റിൽമെൻ്റ് കോളനികളുണ്ട്. എന്നാൽ വർഷങ്ങളായി താമസിക്കുന്ന ഇവരിൽ ഭൂരിഭാഗം പേർക്കും
പട്ടയമില്ലാത്തതും, കോളനികളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാത്തതുമൊക്കെ അദ്ദേഹത്തിന്റെ മുൻപിൽ കോളനി നിവാസികൾ നിരത്തി. പുറവിമല നിവാസികൾക്ക് അവിടെ നിന്ന് കൈബക്കാണിയിലേക്ക് എത്താൻ ഏക ആശ്രയം നെയ്യാറിലൂടെയുള്ള കടത്ത് വള്ളമാണ് . എന്നാൽ നിലവിലെ തോണിയുടെ ശോചനീയാവസ്ഥയും നിവാസികൾ സ്ഥാനാർത്ഥിയോടെ പറഞ്ഞു. പുതിയ ഒരു തോണിയെന്ന ആവശ്യം പരിഗണിക്കാമെന്നും യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതിനുള്ള നൈപുണ്യ സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.