കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്കും ഉണ്ട് ഒരു ദിനം. ജൂലൈ 4ന് ലോക ചക്കദിനമായി ആഘോഷിക്കുന്നു. ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ് എന്നാണ് ചക്കയുടെ ശാസ്ത്രീയ നാമം. 2018 ജൂലൈ 4 ന് ആയിരുന്നു ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം ആയി മാറിയത്. നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം ചക്കയാണ്.പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്. ചക്കയിൽ വൈറ്റമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, റൈബോഫ് ഫ്ളേവിൻ, അയേൺ, നിയാസിൻ, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, നാരുകളും അടങ്ങിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് ചക്ക. ബി.പി. കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും എന്നാണ് പറയുന്നത്.വിഷമയം തീരെയില്ലാത്ത പഴം-പച്ചക്കറി ഏതെന്നു ചോദിച്ചാൽ ഒട്ടും സംശയിക്കാതെ പറയാം ചക്കയെന്ന്.
ശാന്തിഗിരി വെജിറ്റബിൾ സ്റ്റാർ ആൻഡ് ഫുഡ് സർവീസ് അനുബന്ധമായി പ്രവർത്തിക്കുന്ന ശാന്തിഗിരി ഹാപ്പി സിപ്സ് ജൂലൈ 4 ലോകചക്ക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചക്ക വിഭവങ്ങളുമായി ചക്ക ഫെസ്റ്റ് നടത്തുന്നു.ചക്ക ഷെയ്ക്ക്, ചക്ക ഹൽവ, ചക്ക പായസം, ചക്ക ബെർഫി, ചക്ക മിക്സ്ചർ, ചക്ക ജാം, ചക്ക നുറുക്ക്, ചക്ക ചിപ്സ് തുടങ്ങി ഒട്ടേറെ ചക്ക വിഭവങ്ങളാണ് ഹാപ്പി സിപ്സിൽ ഒരുക്കിയിരിക്കുന്നത്.