കോയമ്പത്തൂർ: വൈദ്യുതി ലൈനിൽ നിന്ന് കറന്റടിച്ച് കാക്ക നിലത്തേക്ക്, രക്ഷകരായി അഗ്നി രക്ഷാ സേനാംഗം. സിപിആർ അടക്കമുള്ള നടപടികളിലൂടെയാണ് വി വേലദുരൈ എന്ന അഗ്നിരക്ഷാ സേനാംഗം കയ്യടി നേടുന്നത്. കോയമ്പത്തൂരിലെ കൌണ്ടംപാളയത്തിന് സമീപത്തുള്ള ട്രാൻസ്ഫോമറിൽ നിന്നാണ് കാക്കക്ക് ഷോക്കേറ്റത്. ഇതിന് സമീപത്ത് തന്നെയുള്ള അഗ്നിരക്ഷാ നിലയത്തിൽ ഈ സമയം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനായിരുന്നു വി വേലദുരൈ. നിലത്ത് വീണ കാക്കയെ വേലദുരൈ കയ്യിലെടുത്ത് സിപിആർ നൽകുകയായിരുന്നു.കൃത്യസമയത്തെ ഇടപെടലിൽ കാക്കയുടെ ജീവൻ രക്ഷപ്പെടുകയായിരുന്നു. ആദ്യത്തെ മയക്കം മാറിയതോടെ കാക്ക പറന്ന് ഉയർന്നു. സഹപ്രവർത്തകർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് അഗ്നിരക്ഷാ സേനാംഗത്തിന് അഭിനന്ദനവുമായി എത്തുന്നത്.