ഡൽഹി: എയിഡഡ് കോളേജുകൾ വിവരാവകാശത്തിന്‍റെ പരിധിയിൽ വരുമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. സർക്കാർ ഫണ്ട് സ്വീകരിക്കുന്നതിനാൽ പൊതുസ്ഥാപനം എന്ന നിർവചനത്തിൽ എയ്ഡഡ് കോളേജുകളും ഉൾപ്പെടുമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. വിധിയിൽ ഇടപെടാൻ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചെമ്പഴന്തി എസ് എൻ കോളേജ് അടക്കം നൽകിയ അപ്പീൽ തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
ജസ്റ്റിസ് ജെ ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ചിന്‍റേയാണ് ഉത്തരവ്. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം കാര്യങ്ങൾ മാത്രമാണ് സർക്കാർ നൽകുന്നതെന്നും കോളേജിന്റെ മറ്റ് അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള വിഷയങ്ങളിൽ മാനേജ്മെൻറ് ആണ് പണം ചെലവാക്കുന്നത് എന്നായിരുന്നു എസ് എൻ കോളേജിന്റെ വാദം. പൊതു സ്ഥാപനം എന്ന നിലയിൽ എയ്ഡഡ് കോളേജുകളെ നിർവചിക്കാൻ ആകില്ലെന്നും വിദ്യാർത്ഥികളുടെ ഫീസ് അടക്കമുള്ളവ സർക്കാരിലേക്ക് നേരിട്ടാണ് പോകുന്നതെന്നും കോളേജ് വാദമുന്നയിച്ചു