തിരുവനന്തപുരം : പൂജപ്പുര ജയിൽ ക്യാൻറീനിലെ മോഷണം നടത്തിയ പ്രതിയെ പിടികൂടി പോലീസ്. പോത്തൻകോട് സ്വദേശിയായ മുഹമ്മദ് അബ്ദുൾഖാദി (26) ആണ് പിടിയിലായത്. പൂജപ്പുര ജയിലിലെ മുൻ തടവുകാരനാണ് പിടിയിലായ അബ്ദുൾഖാദി .പത്തനംതിട്ട തിരുവല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് വർഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് പൂജപ്പുര ജയിലിലെ ക്യാൻ്റീനിൽ മോഷണം നടന്നത്. നാല് ലക്ഷം രൂപ മോഷണം പോയതിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 15 ജയിൽ അന്തേവാസികളും 10 താത്കാലിക ജീവനക്കാരുമാണ് ക്യാൻ്റീനിലെ ജോലിക്കാർ. ജയിൽ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്. താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലം അടക്കം കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്നു. അതിനാൽ തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.