ഫാറ്റി ലിവര്‍, പ്രത്യേകിച്ച് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കൂടുതലായും ഇത് ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. ഒരുകാലത്ത് മധ്യവയസ്സിലുള്ളവരെയോ, അല്ലെങ്കില്‍ പ്രായമായവരില്ലോ കണ്ടുവന്നിരുന്ന ഈ അവസ്ഥ ഇന്ന് ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ കണ്ടുവരുന്നുണ്ട്. ജീവിതശൈലിയിലുണ്ടായ മാറ്റം, അമിതവണ്ണം, മോശം ഡയറ്റ് തുടങ്ങി നിരവധി കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ദീര്‍ഘനേരം ഇരിക്കുന്നത്, അത് ഡെസ്‌കിലായാലും കംപ്യൂട്ടറിന് മുന്നിലായാലും ശരീരത്തെ മോശമായ രീതിയിലാണ് ബാധിക്കുന്നത്. ശരീരത്തിന് ചലനങ്ങള്‍ കുറയുന്നതിനൊപ്പം അത് സ്വാഭാവിക മെറ്റബോളിസത്തെയും ബാധിക്കുന്നുണ്ട്. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും ഈ ദീര്‍ഘനേരമുള്ള ഇരിപ്പ് കാരണമാകുന്നു. വളരെ മെലിഞ്ഞിരിക്കുന്നവരിലും നോര്‍മല്‍ ബിഎംഐ ഉള്ളവരിലും നോണ്‍ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്.
അനാരോഗ്യകരമായ ഭക്ഷണശീലമാണ് മറ്റൊരു കാരണം. സംസ്‌കരിച്ച, അമിതമായി പഞ്ചസാരയും ഉപ്പും ചേര്‍ത്ത, കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണത്തിന് അടിമകളാണ് ചെറുപ്പക്കാരും കോളജ് വിദ്യാര്‍ഥികളും ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.