തിരുവനന്തപുരം: സാങ്കേതിക തകരാറുകൾ കാരണം ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 യുദ്ധവിമാനം വിമാനത്താവളത്തിന് പാർക്കിംഗ് ഫീസ് നൽകുന്നതായി റിപ്പോർട്ട്. യുകെയിൽ നിന്ന് വന്ന വദഗ്ധ സംഘത്തിന് പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി വിമാനത്താവളത്തിലെ നിയുക്ത സംവിധാനത്തിലേക്ക് ജൂലൈ ആറിന് വിമാനം മാറ്റിയിരുന്നു.
ബ്രിട്ടീഷ് ജെറ്റിന്റെ പ്രതിദിന പാർക്കിംഗ് ഫീസ് 26,261 രൂപയാണെന്ന് ഇന്ത്യൻ ഡിഫൻസ് റിസർച്ച് വിംഗിനെ (IDWR) ഉദ്ധരിച്ച് CNBC-TV 18 റിപ്പോർട്ട് ചെയ്യുന്നു. ഈ കണക്കനുസരിച്ച്, ജൂൺ 14 മുതൽ 33 ദിവസത്തെ പാർക്കിംഗ് ഫീസിനത്തിൽ ഏകദേശം 8.6 ലക്ഷം രൂപയാണ് ഈടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവ് ഉണ്ടായതിനെത്തുടർന്നാണ് ജൂണ്‍ 14-ന് രാത്രി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. സാങ്കോതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. യുദ്ധവിമാനം പരിശോധിക്കാനും വിലയിരുത്താനും ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ 24 പേരടങ്ങുന്ന സംഘം ജൂലൈ 6 ന് തിരുവനന്തപുരത്ത് എത്തിയിരുന്നു