Thursday, November 21, 2024
Online Vartha
HomeInformationsഅതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും

അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കി വിവിധ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും. രജിസ്ട്രേഷന്‍റെ ഉത്തരവാദിത്വം തൊഴില്‍ദാതാവില്‍ നിക്ഷിപ്തമാക്കും. സ്ഥിരമായ തൊഴില്‍ദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും തൊഴില്‍ തേടുന്നവരുടെ രജിസ്ട്രേഷന്‍ തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്തമാക്കും. ജോലിയില്‍ നിന്നോ താമസസ്ഥലത്ത് നിന്നോ വിട്ട് പോകുന്ന പക്ഷം തൊഴില്‍ദാതാവ് / താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥന്‍ തന്‍റെ രജിസ്ട്രേഷൻ അക്കൗണ്ടിൽ നിന്നും ഇവരെ ഒഴിവാക്കണം. പുതിയ സ്ഥലത്ത് ജോലിക്കോ താമസത്തിനോ ചെല്ലുമ്പോൾ തൊഴിലാളിയുടെ യൂണീക് നമ്പർ ഉപയോഗിച്ച് പുതിയ ഉടമയുടെ കീഴിൽ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.

 

തൊഴിൽദാതാവ്, ലേബർ കോൺട്രാക്‌ടർമാർ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ ലേബർ ഓഫീസിൽ തങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത് ലോഗിൻ ഐഡിയും പാസ്‌വേർഡും കരസ്ഥമാക്കണം. ഇവ ഉപയോഗിച്ച് തങ്ങളുടെ കീഴിൽ ജോലിചെയ്യുന്ന/താമസിപ്പി ക്കുന്ന അതിഥി തൊഴിലാളികളെ നിർബന്ധമായും രജിസ്റ്റർ ചെയ്യപ്പിക്കണം.തൊഴിൽ, വ്യവസായ, തദ്ദേശ സ്വയംഭരണ, പോലീസ് വകുപ്പുകൾ നിർവ്വഹിക്കേണ്ട ചുമതലകളും നടപടികളും സംബന്ധിച്ച് വിശദമായ മാർഗരേഖ പുറപ്പെടുവിക്കുന്നതിന് തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തും.

 

വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിൽ കോർഡിനേഷൻ സമിതികൾ രൂപികരിക്കും. ഓരോ വകുപ്പിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും.ലേബർ കോൺട്രാക്ടർമാർ, സ്ഥാപന ഉടമകൾ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർക്ക് തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ അതിഥി തൊഴിലാളികളെ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കുന്നതിന് ബോധവർക്കരണ പരിപാടികളും ക്ലാസുകളും നടത്തും.

 

1979ല്‍ രൂപീകരിച്ച നിയമമാണ് നിലവിലുള്ളത്. പുതിയ തൊഴില്‍ സാഹചര്യത്തിന് അനുസരിച്ച് രജിസ്ട്രേഷന്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ആവശ്യമെങ്കില്‍ നിയമത്തില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തി ഭേദഗതി ചെയ്യും.യോഗത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മോധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!