വിഴിഞ്ഞം : വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും ഭാര്യയെയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ. വെണ്ണിയൂർ വവ്വാമൂലയിലാണ് സംഭവം. 29 വയസുകാരിയായ ഭാര്യയെയും 5 വയസുള്ള ഇരട്ട കുട്ടികളെയുമാണ് ഭർത്താവ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇവരെ വീട്ടിൽ നിന്നും പുറത്താക്കിയത്. തുടർന്ന്, ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ രാത്രിയിൽ യുവതിയും കുട്ടികളും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
മരുന്നും ഭക്ഷണവുമില്ലാതെ അവശനിലയിലായിരുന്നു യുവതിയും മക്കളും. സംഭവം അറിഞ്ഞ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാരുദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുമ്പ് വിഴിഞ്ഞം പൊലീസ് കേസ് നൽകുകയും ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങുകയും ചെയ്തിരുന്നു.