തിരുവനന്തപുരം :വിഴിഞ്ഞത്ത് മദ്യ ലഹരിയിൽ ഭാര്യയുടെ കാൽ അടിച്ചൊടിച്ച ഭർത്താവ് പിടിയിൽ. വെണ്ണിയൂർ വവ്വാമ്മൂല ചരുവിള വീട്ടിൽ രാജേഷ് തമ്പി (41) യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി മർദിച്ചത് സംബന്ധിച്ച് വനിത കമ്മീഷനിൽ പരാതി നൽകിയ വൈരാഗ്യത്തിലാണ് ഭാര്യയെ ചുറ്റിക കൊണ്ട് ആക്രമിച്ച് കാലൊടിച്ചത്. മദ്യപിച്ചെത്തി നിരന്തരം തന്നെ മർദിക്കുന്നതു സംബന്ധിച്ച് ഭാര്യ വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ ദിവസം പ്രതി ചുറ്റിക ഉപയോഗിച്ച് മുതുകിലും ഇരു കാലുകളിലും അടിച്ചുവെന്നും ഇതിൽ വലതു കാലിനു മൂന്ന് പൊട്ടലുണ്ടായെന്നും പൊലീസ് അറിയിച്ചു.