തിരുവനന്തപുരം: ലോകസമാധാനത്തിന് മതസംഘടനകളും ആത്മീയ പ്രസ്ഥാനങ്ങളും ഐക്യബോധമുളള ലോകത്തെ വിഭാവനം ചെയ്യണമെന്നും മനുഷ്യ മനസ്സുകളില്‍ ഏകത്വത്തിന്റെ ചിന്ത നിറച്ച് സ്നേഹവും സാഹോദര്യവും പകരണമെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഐക്യരാഷ്ട്രസഭയുടെ മതസൗഹാര്‍ദ്ദവാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം തൈക്കാട് കെ.കെ.എം ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ലോകസമാധാന ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. സര്‍വ്വമത സൌഹാര്‍ദ്ധവും ലോകസമാധാനവും ലക്ഷ്യമിടുന്ന ഉച്ചകോടിയിലൂടെ മാനവികതയുടെ വികസനം പുനര്‍നിര്‍വചിക്കപ്പെടണം. സാമൂഹികമായ അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം സംഘര്‍ഷങ്ങളില്ലാതെ സമാധാനത്തോടെ അവ പരിഹരിക്കുന്നതിന് കൂടുതല്‍ യോജിപ്പുളള ലോകം കെട്ടിപ്പടുക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.
വേൾഡ് പീസ് സമ്മിറ്റ് ചെയർമാൻ ഗുരു ദിലീപ്ജി മഹാരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, വേള്‍ഡ് ബുദ്ധിസ്റ്റ് മിഷന്‍ പ്രസിഡന്റ് രവി മേധാങ്കര്‍, ന്യൂഡല്‍ഹി ബഹായിസ് ഡയറക്ടര്‍ നീലാക്ഷി രാജ്‌ഖോവ, മൌലവി എസ്.എച്ച്. സാലിഹീന്‍ (ശ്രീലങ്ക), യു.ആര്‍.ഐ സൗത്ത് ഇന്ത്യ റീജിയണ്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ.ഡോ.എബ്രഹാം കരിക്കം,വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ഗ്ലോബല്‍ കൗണ്‍സില്‍ മെമ്പര്‍ ശശികുമാര്‍ എം ഡി, തിരുവനന്തപുരം ഇസ്‌കോണ്‍ ഇന്‍-ചാര്‍ജ് ഭക്തി ശാസ്ത്രി എച്ച് ജി മനോഹര്‍ ഗൗരദാസ്, സൗത്ത് ഇന്ത്യന്‍ ലൂഥറന്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.റോബിന്‍സണ്‍ ഡി ലൂതര്‍, മുതുവെട്ടൂര്‍ ഇമാം സുലൈമാന്‍ അസ്‌ഹരി, യുണൈറ്റഡ് റിലീജിയസ് ഇനിഷ്യേറ്റീവ് ഗ്ലോബല്‍ കൗണ്‍സില്‍ ട്രസ്റ്റി അംഗം വിക്കാന്‍ എല്‍ഡര്‍ മോര്‍ഗന സൈതോവ്, ലിവിംഗ് പീസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ കാര്‍ലോസ് പാല്‍മ ലെമ, വേള്‍ഡ് സരതുഷ്ടി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ഹോമി ബി ധല്ല,പ്രൊഫ.അനിൽകുമാർ യു.പി,ഡോ.ദേവിരാജ്.എസ്, ഡോ.ഡെവിന്‍ പ്രഭാകര്‍, രവി ഖണ്ടേജ് എന്നിവർ പങ്കെടുത്തു.യുണൈറ്റഡ് റിലീജിയസ് ഇനിഷേറ്റീവ് സൗത്ത് ഇന്ത്യ റീജിയന്‍, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ന്യൂയോര്‍ക്ക്, ഇന്റര്‍ഫെയിത്ത് ഡയലോഗ് ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവല്പ്‌മെന്റ് ഗോള്‍സ്( IRD4SDG),ശാന്തിഗിരി ആശ്രമം,മദ്രാസ് യൂണിവേഴ്‌സിറ്റി, കോസ്മിക് കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകളായി നടക്കുന്ന ഉച്ചകോടിയിൽ ആത്മീയ സാമൂഹിക സാംസ്‌കാരിക ഗവേഷണ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച പാനല്‍ ചര്‍ച്ചകള്‍ എന്നിവ ഉണ്ടാകും