ഇരുചക്ര വാഹന നിർമാതാക്കളായ ഇന്ത്യൻ മോട്ടോർസൈക്കിൾ തങ്ങളുടെ പുതിയ ബൈക്ക് റോഡ്‍മാസ്റ്റർ എലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 71.82 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് റോഡ്‍മാസ്റ്റർ എലൈറ്റിനെ അവതരിപ്പിച്ചത്. ഇതിൻ്റെ ഓൺറോഡ് വില 72 ലക്ഷം രൂപയിൽ കൂടുതലായിരിക്കും. ഇത് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വില കൂടിയ മോട്ടോർസൈക്കിളുകളിലൊന്നായി മാറുന്നു. ഇതൊരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. ഇതിൽ 350 യൂണിറ്റുകൾ മാത്രമേ ലോകമെമ്പാടും വിൽക്കുകയുള്ളൂ. പ്രത്യേക പെയിൻ്റ് സ്‍കീമോടുകൂടിയാണ് കമ്പനി റോഡ്മാസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സ്‌കൗട്ട്, ചീഫ്‌ടൈൻ, സ്‌പ്രിംഗ്‌ഫീൽഡ്, ചീഫ് തുടങ്ങിയവ ഇന്ത്യൻ പോർട്ട്‌ഫോളിയോയിലെ മറ്റ് ചില മോഡലുകളിൽ ഉൾപ്പെടുന്നു.
റോഡ്‌മാസ്റ്റർ എലൈറ്റിന് ചുവപ്പിൻ്റെയും കറുപ്പിൻ്റെയും ഷേഡുകൾ സംയോജിപ്പിച്ച് സ്വർണ്ണ ആക്‌സൻ്റുകൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക പെയിൻ്റ് സ്കീം ലഭിക്കുന്നു. ഗ്ലോസ് ബ്ലാക്ക് ഡാഷ്‌ബോർഡ്, ബ്ലാക്ക്ഡ്-ഔട്ട് വിൻഡ്‌സ്‌ക്രീൻ, ഹാൻഡ് പെയിൻ്റ് ചെയ്ത ഗോൾഡൻ സ്ട്രിപ്പുകൾ എന്നിവ കൊണ്ട് അലങ്കരിച്ച ഈ ബൈക്ക് ചുവപ്പും കറുപ്പും നിറങ്ങളുടെ സംയോജനത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുഴുനീള ടൂറിംഗ് മോട്ടോർസൈക്കിൾ ആയതിനാൽ, റോഡ്‍മാസ്റ്റർ എലൈറ്റ് വളരെ വലുതാണ്.