തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനത്തിൻ്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടനില്‍ നിന്ന് 40 അംഗ വിദഗ്ധ സംഘം എത്തും. ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്. വിദഗ്ധ എഞ്ചിനീയര്‍മാരുടെ സംഘമാണ് അറ്റക്കുറ്റപ്പണിക്കായി ബ്രിട്ടണില്‍ നിന്നും എത്തുക എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തില്‍ എത്തുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും മറ്റ് നടപടികള്‍ ആരംഭിക്കുന്നത്. ജൂണ്‍ 14 നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.
അസാധാരണമായ ഒരു സംഭവമാണിതെന്ന് സൈനിക, വ്യോമയാന വിദഗ്ധർ വിശേഷിപ്പിച്ചു. അതേസമയം, മെക്കാനിക്കൽ തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം വിമാനവാഹിനിക്കപ്പലിൽ തിരിച്ചെത്തിക്കുന്നതിനായി ശ്രമങ്ങൾ നടന്നുവരികയാണ്. എഫ്-35 പോലെ അഞ്ചാം തലമുറയിൽപ്പെട്ട വിലയേറിയ യുദ്ധവിമാനം 48 മണിക്കൂർ നിലത്തിറക്കുന്നത് അസാധാരണമായ സംഭവമാണ്. F-35B വേരിയന്‍റ് ഹ്രസ്വ ടേക്ക്-ഓഫിനും ലംബ ലാൻഡിംഗിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, കാറ്റപ്പൾട്ട് സംവിധാനങ്ങളില്ലാതെ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കും. ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ നിലവിൽ F-35 വിമാനങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, സാധാരണ സംഭവമാണെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വ്യോമസേന, വിമാനത്തിന് സഹായം നൽകുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു