തിരുവനന്തപുരം: ഉഴമലയ്ക്കൽ കെ എസ് ഇ ബി സെക്ഷൻ യാർഡിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം തൂക്കം വരുന്ന അലുമിനിയം ലൈൻ കമ്പികൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ ആര്യനാട് പള്ളിവേട്ട കൈതൻകുന്ന് വെട്ടയിൽ വീട്ടിൽ സലിം (58), മണ്ണൂർക്കോണം മുള്ളുവേങ്ങാമൂട് റോഡരികത്ത് വീട്ടിൽ ഹരി (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അന്നേ ദിവസം രാത്രി ഉഴമലയ്ക്കൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിനു മുന്നിൽ ഓട്ടോയിലെത്തിയ പ്രതികൾ യാർഡിലെത്തി അലുമിനിയം ലൈൻ ചുരുൾ കമ്പികൾ ഓട്ടോയിൽ കടത്തി പോവുകയായിരുന്നു. ശേഷം ഒളിവിൽ പോയ പ്രതികളെ വ്യപകമായ തെരച്ചിൽ നടത്തിയാണ് പൊലീസ് പിടികൂടിയത്. കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാഫിയുടെ നിർദ്ദേശപ്രകാരം ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിന്‍റെ നേതൃത്വത്തിൽ എസ് ഐ വേണു കെ, സൂരജ് ഷിബു,മ നോജ് ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.