തിരുവനന്തപുരം : ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവിനെ പിടികൂടി പോലീസ്. ബാലരാമപുരം തണ്ണിക്കുഴി ബേബി ലാഡിൽ അരുൺ പ്രശാന്ത് (42) ആണ് അറസ്റ്റിലായത്. പത്തു കിലോയിലധികം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവെത്തിച്ച് തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്താനായിരുന്നു ഉദ്ദേശം. കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഇന്നലെ രാവിലെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതിയെ വാഹനത്തിൽ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം കല്ലമ്പലം തട്ടുപാലത്തിന് സമീപം വാഹനം തടഞ്ഞ് സാഹസികമായാണ് പിടികൂടിയത്.
പ്രതി വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു. തുടർന്ന് വീണ്ടും ഇയാളെ ബാലരാമപുരത്ത് 10 കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു. 60 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും കഞ്ചാവ് ശേഖരവുമായി പിടിയിലായത്.പ്രതിയെ കല്ലമ്പലം പൊലീസിന് കൈമാറി കോടതിയിൽ ഹാജരാക്കി.