തിരുവനന്തപുരം: കേരള സർവകലാശാലയിലെ സെറ്റ് ഹാളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിന് പിന്നാലെ എസ്എഫ്ഐയുടെ പ്രതിഷേധം. വിശ്വ ഭാരതി ശ്രീ പത്മനാഭ സേവാ സമിതി സംഘടിപ്പിക്കുന്ന പരിപാടിയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം മാറ്റിയില്ലെങ്കിൽ ഗവർണർ തടയാനാണ് എസ്എഫ്ഐയുടെ നിലപാട്.അതേസമയം പരിപാടിയിൽ പങ്കെടുത്ത സർവകലാശാല രജിസ്ട്രാറും പോലീസും ചിത്രം മാറ്റണമെന്ന് നിലപാടെടുത്തു.എന്നാൽ അത് അംഗീകരിക്കില്ലെന്നാണ് സംഘാടകരുടെ പക്ഷം . ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകരാണ് ഹാളിനു പുറത്ത് പ്രതിഷേധിച്ചത്. എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി.കെഎസ്‌യു പ്രവർത്തകർ ഹാളിനകത്ത് തള്ളി കയറി,പിന്നീട് ഇവരെ പുറത്താക്കിയാണ് പരിപാടി ആരംഭിച്ചത്.പരിപാടി റദ്ദാക്കുന്നതായി കേരള രജിസ്ട്രാർ അറിയിച്ചെങ്കിലും ഗവർണർ പരിപാടിക്ക് എത്തുകയായിരുന്നു.