കഴക്കൂട്ടം : കഴക്കൂട്ടം സൈനിക സ്കൂൾ 1998 ബാച്ച് കേഡറ്റുകൾ സംഘടിപ്പിച്ച 56-ാമത് ഓൾഡ് ബോയ്‌സ് അസോസിയേഷൻ (OBA) സംഗമത്തിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും സെൻട്രൽ എയർ കമാണ്ട് മേധാവി യുമായ എയർ മാർഷൽ ബി .മണി കണ്ഠൻ പിവിഎസ്എം, എവിഎസ്എം, വി.എം മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ സായുധ സേനയിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.സ്കൂൾ കാമ്പസിൽ നിർമിച്ച 150 കിലോവാട്ട് സോളാർ പവർ പ്ലാൻ്റ് എയർമാർഷൽ ബി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിൻ്റെ ധനസഹായത്തോടെ നിർമ്മിച്ച പ്ലാന്റ്, സ്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഊർജ്ജ സ്വയംപര്യാപ്തിയിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പാണ്. പൂർവ്വ വിദ്യാർത്ഥികൾ അവരുടെ മാതൃ കലാശാലയുടെ തുടർച്ചയായ വികസനത്തിന് നൽകിയ ഗണ്യമായ സംഭാവനകളുടെ സാക്ഷ്യം കൂടിയായി അമ്പത്താറാമത് പൂർവ്വ വിദ്യാർത്ഥി സംഗമം.
ചടങ്ങിന്റെ ഭാഗമായി, പൂർവ വിദ്യാർത്ഥി സംഘടന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഉപകരണങ്ങളും നവീകരണത്തിനുള്ള നടപടികളും ഔപചാരികമായി അധികൃതർക്ക് കൈമാറി.കഴക് റൈഫിൾ ക്ലബ്ബ്, അക്കാദമിക് പഠന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനാവശ്യമായ സ്മാർട്ട് ബോർഡ് പാനലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വീരമൃത്യു വരിച്ചവർക്ക് എയർ മാർഷൽ ബി.മണികണ്ഠൻ ഗാർഡ്സ് സ്ക്വയറിൽ ആദരാഞ്ജലി അർപ്പിച്ചു.
നോർത്തേൺ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ, കർണാടക – കേരള സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ വിനോദ് ടി മാത്യു, ബാംഗ്ലൂർ ആസ്ഥാന റിക്രൂട്ടിംഗ് സോൺ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ഹരി ബി പിള്ള, ഡി.എസ്.എസ്. സി ചീഫ് ഇൻസ്ട്രക്ടർ (എയർ) എയർ വൈസ് മാർഷൽ കെ.വി. സുരേന്ദ്രൻ നായർ എന്നിവരുൾപ്പെടെ വിശിഷ്ട ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.
സ്കൂൾക്യാമ്പസിലുടനീളം പുതുതായി സ്ഥാപിച്ച വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അവർ ഉദ്ഘാടനം ചെയ്തു.ഓഫീസർമാരും പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി .കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ സ്കൂളിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മികച്ച കേഡറ്റുകളെ ചടങ്ങിൽ ആദരിച്ചു. സമൂഹത്തിന് നൽകിയ ദീർഘകാല സംഭാവനകൾ മാനിച്ച് സ്കൂളിൽ നിന്ന് വിരമിച്ചവരെയും നിലവിൽ സേവനമനുഷ്ഠിക്കുന്നവരെയും പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു.
.