തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര നയരൂപീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവിന് ഇന്ന് (02 ഓഗസ്റ്റ് 2025, ശനി) തുടക്കമാകും. 2025 ഓഗസ്റ്റ് 2, 3 തീയതികളിലായി കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ച് നടത്തുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തിൽ അതിഥികളായി മോഹൻലാലും സുഹാസിനി മണിരത്നവും എത്തും.
ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ, ആരോഗ്യം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്, സ്പീക്കർ എ. എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ, ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും.
ഓസ്കാർ അവാർഡ് ജേതാവ് ഡോ.റസൂൽ പൂക്കുട്ടി, കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ സയിദ് അഖ്തർ മിർസ, സംവിധായകൻ വെട്രിമാരൻ, ഐഎഫ്എഫ്കെ ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, അഭിനേത്രിമാരായ പത്മപ്രിയ ജാനകിരാമൻ, നിഖില വിമൽ തുടങ്ങിയവർ അതിഥികളാകും.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐഎഎസ്, അഡീഷണൽ ചീഫ് സെക്രട്ടറി – സാംസ്കാരിക കാര്യ വകുപ്പ് ഡോ. രാജൻ എൻ. ഖൊബ്രഗഡെ ഐഎഎസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ പി.എസ്. പ്രിയദർശനൻ, നിർമ്മാതാവ് സന്തോഷ് ടി. കുരുവിള തുടങ്ങിയവർ പങ്കെടുക്കും.
കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപതോളം വിഷയങ്ങളിൽ സമഗ്രമായ ചർച്ചകൾ നടക്കും. മലയാളസിനിമയിൽ ലിംഗനീതിയും ഉൾക്കൊള്ളലും, തൊഴിൽ-കരാർ-പണിയിടം, നിയമപരമായ ചട്ടക്കൂടുകളും സന്തുലിതമായ പരാതി പരിഹാര സംവിധാനവും, നാളെകളിലെ സാങ്കേതികവിദ്യയും നൈപുണ്യ വികസനവും, പ്രാദേശിക കലാകാരന്മാരെയും മലയാളത്തിലുള്ള സ്വതന്ത്ര സിനിമയെയും ശാക്തീകരിക്കൽ, തിയേറ്ററുകൾ – ഇ-ടിക്കറ്റിംഗ് – വിതരണക്കാർ – പ്രദർശകർ: മലയാള സിനിമയുടെ തിയേറ്റർ രംഗത്തിൻ്റെ കാര്യക്ഷമതയ്ക്കുള്ള വിപണി അധിഷ്ഠിത പരിഷ്കാരങ്ങൾ, സുഗമമായ ചലച്ചിത്ര നിർമ്മാണവും സൗകര്യമൊരുക്കലും, സിനിമാ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും പൈതൃക ആർക്കൈവുകളുടെ വികസനവും, ഫിലിം ടൂറിസം – സോഫ്റ്റ് ഇക്കണോമിക് പവർ – ആഗോളവ്യാപകമായ നിർമാണം എന്നിവയ്ക്കായി മലയാള സിനിമയെ ഉപയോഗപ്പെടുത്തുക, ചലച്ചിത്ര വിദ്യാഭ്യാസവും സമൂഹ പങ്കാളിത്തവും-ചലച്ചിത്രമേളകൾ, ഫിലിം സൊസൈറ്റികൾ എന്നിവയുടെ പങ്ക് എന്നീ വിഷയങ്ങളിൽ ആണ് ചർച്ചകൾ.
വിവിധ വിഷയങ്ങളിൽ ആരോഗ്യ വനിതാ ശിശു ക്ഷേമ മന്ത്രി വീണാ ജോർജ്ജ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, സമൂഹികനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ.അദീല അബ്ദുല്ല ഐഎഎസ്, നിർമ്മാതാവ് ജി. സുരേഷ് കുമാർ, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, സംവിധായകരായ ടി.കെ. രാജീവ് കുമാർ, ഡോ. ബിജുകുമാർ ദാമോദരൻ, വി.സി. അഭിലാഷ് എന്നിവർ പ്രബന്ധ അവതരണങ്ങൾ നടത്തും. ഡോ. വാസുകി ഐഎഎസ്, ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്, സരസ്വതി നാഗരാജൻ, സ്വപ്ന ഡേവിഡ്, ആർ. പാർവതിദേവി, എം.വി. നികേഷ് കുമാർ തുടങ്ങിയവർ സെഷനുകൾ മോഡറേറ്റ് ചെയ്യും. ഇന്ത്യയിൽ ഇതിനോടകം സിനിമാനയം രൂപീകരിച്ച സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ, നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രാലയം തുടങ്ങിയ ഇടങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. ചർച്ചയിൽ ഉയർന്നുവരുന്ന ആശയങ്ങൾ കൂടി പരിഗണിച്ചാകും ചലച്ചിത്രനയത്തിന് അന്തിമരൂപം കൊടുക്കുക.