Friday, January 30, 2026
Online Vartha
HomeTrivandrum Cityകിള്ളിപ്പാലം ബൈക്ക് മോഷ്ടാവ് ശ്രീകാന്ത് അറസ്റ്റിൽ; 66 പവൻ സ്വർണ്ണവും പണവും പിടിച്ചെടുത്തു

കിള്ളിപ്പാലം ബൈക്ക് മോഷ്ടാവ് ശ്രീകാന്ത് അറസ്റ്റിൽ; 66 പവൻ സ്വർണ്ണവും പണവും പിടിച്ചെടുത്തു

Online Vartha
Online Vartha

തിരുവനന്തപുരം:കിള്ളിപ്പാലത്തുനിന്നും ബൈക്ക് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിൽ കുപ്രസിദ്ധ മോഷ്ടാവ് കല്ലിയൂർ സ്വദേശി ശ്രീകാന്ത് (40) ഫോർട്ട് പോലീസിന്റെ പിടിയിലായി. കല്ലിയൂർ കാക്കാമൂല നെടിഞ്ഞൽ സിന്ധു നിലയത്തിൽ ശ്രീകാന്ത് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 66 പവൻ സ്വർണ്ണാഭരണങ്ങളും 67,000 രൂപയും മോഷണ ബൈക്കും പോലീസ് കണ്ടെടുത്തു.

2025 ഡിസംബർ 24-നാണ് കിള്ളിപ്പാലം സ്വദേശി ബിജുവിന്റെ ബൈക്ക് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ശ്രീകാന്താണ് മോഷണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ മോഷ്ടിച്ച് അതുമായി കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കുത്തിത്തുറക്കുന്നതാണ് ശ്രീകാന്തിന്റെ രീതി. മോഷണമുതലുമായി അന്യസംസ്ഥാനങ്ങളിൽ പോയി ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. നിലവിൽ ഇയാളിൽ നിന്നും കണ്ടെടുത്ത സ്വർണ്ണം കാട്ടാക്കട, മാറനല്ലൂർ എന്നീ സ്റ്റേഷൻ പരിധികളിലെ വീടുകളിൽ നിന്നും കവർന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീകാന്തിനെതിരെ നേമം, തമ്പാനൂർ, ഫോർട്ട്, കരമന, കൊല്ലം ഈസ്റ്റ്, തമിഴ്‌നാട്ടിലെ നിദ്രവിള തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 26-ഓളം കേസുകൾ നിലവിലുണ്ട്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ശ്രീ. കെ. കാർത്തിക് IPS-ന്റെ നിർദ്ദേശപ്രകാരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എസ്.ഐമാരായ അനു എസ്. നായർ, സുജോ ജോർജ്ജ് ആന്റണി, സി.പി.ഒമാരായ സുനിൽകുമാർ, ഗിരീഷ്, സന്ദീപ്, വിജയകിരൺ, ഷിബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതി മറ്റെവിടെയെങ്കിലും സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!