കഴക്കൂട്ടം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി അർധരാത്രിയിൽ സന്ദേശമയച്ച് ശല്യപ്പെടുത്തിയ പോലീസുകാരനെതിരേ പരാതി. തുമ്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരേയാണ് യുവതി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് ഹോട്ടൽ ജീവനക്കാരിയായ യുവതി തുമ്പ സ്റ്റേഷനിലെത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് യുവതിയുടെ ഫോൺ നമ്പർ വാങ്ങി. തുടർന്ന് അർധരാത്രിയിൽ തുടർച്ചയായി സന്ദേശങ്ങൾ അയക്കുകയും വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. പോലീസ് അസോസിയേഷൻ നേതാവ് കൂടിയാണ് ആരോപണവിധേയനായ സന്തോഷ്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി അതീവ ഗൗരവമുള്ളതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകുമെന്നും കഴക്കൂട്ടം എ.സി.പി. ചന്ദ്രദാസ് അറിയിച്ചു.






