കഴക്കൂട്ടം: ചേങ്കോട്ടുകോണം തുണ്ടത്തിൽ പ്രവർത്തിക്കുന്ന ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന നാല് സ്കൂൾ വാഹനങ്ങൾ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച പുലർച്ചെ 2.15 ഓടെയാണ് സംഭവം നടന്നത്.മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. സ്കൂൾ വളപ്പിന്റെ മറ്റൊരു ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഒരു ട്രാവലർ ബസുകൾ നിർത്തിയിരുന്ന സ്ഥലത്തേക്ക് മനഃപൂർവം ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലറിൽ നിന്നാണ് മറ്റ് വാഹനങ്ങളിലേക്ക് തീ പടർന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവസമയത്ത് സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. പുലർച്ചെ വലിയ സ്ഫോടന ശബ്ദം കേട്ടാണ് സമീപവാസികൾ ഉണർന്നത്. തുടർന്ന് സ്കൂൾ വളപ്പിൽ നിന്ന് തീജ്വാലകൾ ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ എത്തി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്.വാഹനങ്ങൾ ആരെങ്കിലും മനഃപൂർവം കത്തിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
നിലവിലെ ജീവനക്കാരെയും മുൻ ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ഇവർക്കു മാനേജ്മെന്റുമായുള്ള വൈരാഗ്യമോ തർക്കങ്ങളോ ഉണ്ടായിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്. അട്ടിമറി നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു.സ്കൂളിൽ സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്തതിനാൽ സമീപത്തെ വീടുകളുടെയും ജംഗ്ഷനുകളുടെയും ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. കൂടാതെ സംഭവസമയത്ത് പ്രദേശത്ത്സ ജീവമായിരുന്ന മൊബൈൽ ഫോൺ നമ്പറുകളും നിരീക്ഷണത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. കഴക്കൂട്ടം എസ്.എച്ച്.ഒ. ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തിന് പിന്നിൽ കൃത്യമായ അട്ടിമറി നടന്നിട്ടുണ്ടെന്നാരോപിച്ച് സ്കൂൾ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.






