തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ ശേഖരത്തിലുള്ള രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യരത്നങ്ങളുമാണ് നഷ്ടപ്പെട്ടത്. പരാതിയെത്തുടർന്ന് പേരൂർക്കട പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. 2025 നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ കുടുംബാംഗങ്ങൾക്കിടയിൽ തന്നെ അന്വേഷണം നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പോലീസിൽ പരാതി നൽകിയത്.
അതീവ മൂല്യമുള്ളതും പാരമ്പര്യമായി കൈമാറി വന്നതുമായ ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ അധികവും. എട്ട് ലക്ഷം രൂപ വിലവരുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണപതക്കം, കുതിരപ്പവൻ നാണയങ്ങൾ, റൂബിയും ഡയമണ്ടും പതിച്ച വളകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം, ശംഖ് പതിച്ച പതക്കം തുടങ്ങിയ അപൂർവ്വ നിർമ്മിതികളും നഷ്ടപ്പെട്ടവയിലുണ്ട്.
സംഭവത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കൊട്ടാരത്തിലെത്തി പരിശോധന നടത്തി. കൊട്ടാരത്തിലെ ജീവനക്കാരെയും സുരക്ഷാ ചുമതലയുള്ളവരെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കൊട്ടാരത്തിനുള്ളിൽ നടന്ന മോഷണമായതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് കേസിനെ കാണുന്നത്.






