ബിഗ് ബി എന്ന, കരിയറിലെ ആദ്യ ചിത്രം മുതല്‍ തന്‍റേതായ പ്രേക്ഷകവൃന്ദത്തെ ഒപ്പം കൂട്ടിയ സംവിധായകനാണ് അമല്‍ നീരദ്. ഓരോ ചിത്രം മുന്നോട്ടുപോകുന്തോറും ആ പ്രേക്ഷകക്കൂട്ടം എണ്ണത്തില്‍ വര്‍ധിച്ചിട്ടേയുള്ളൂ. മമ്മൂട്ടിയെ നായകനാക്കി 2022 ല്‍ ഒരുക്കിയ ഭീഷ്മ പര്‍വ്വമാണ് അമല്‍ നീരദിന്‍റേതായി അവസാനം എത്തിയത്. ഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ഒരു അമല്‍ നീരദ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.
കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോഗയ്ന്‍വില്ല എന്ന ചിത്രമാണ് ഇത്. പതിവുപോലെ പേര് പ്രഖ്യാപിക്കുന്നത് വരെ അമല്‍ നീരദ് രഹസ്യാത്മകതയോടെ സൂക്ഷിച്ച പ്രോജക്റ്റ് ആണിത്. ചിത്രത്തിന്‍റെ പുറത്തെത്തിയ അപൂര്‍വ്വം പബ്ലിസിറ്റി മെറ്റീരിയലുകളൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫഹദ്, ചാക്കോച്ചന്‍, ജ്യോതിര്‍മയി എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. കമിംഗ് സൂണ്‍ എന്ന അറിയിപ്പ് ഉണ്ട് എന്നതും പുതിയ പോസ്റ്ററിനെ ശ്രദ്ധേയമാക്കുന്നുണ്ട്.