പോത്തൻകോട്: തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്രസംഭാവനകൾ നൽകുന്നവർക്കായി പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്ക്കൂൾ മുൻ മാനേജർ കെ. പ്രഫുല്ലചന്ദ്രൻ (അപ്പു സാർ ) ൻ്റെ സ്മരണക്കായി പോത്തൻകോട് എൽ.വി. എച്ച് എസ് മുൻ പി ടി എ ഫോറം ഏർപ്പെടുത്തിയ അധ്യാപക പുരസ്കാരം മികച്ച പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് മാതൃകയായ കെ. മോഹനകുമാരൻ നായർക്ക് സമർപ്പിച്ചു. പൊതുവിദ്യാലയ സംരക്ഷണത്തിനൊപ്പം രാഷ്ട്രഭാഷാ പ്രചരണ രംഗത്ത് നൽകിയ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചത്. പതിറ്റാണ്ടുകൾ സ്കൂളിൻ്റെ മാനേജറും, പ്രഥമാധ്യാപകനുമായിരുന്ന അപ്പു സാർ തൻ്റെ പ്രവർത്തനങ്ങളിലൂടെ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് മാർഗ്ഗ ദീപമായിരുന്നു എന്ന് കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അപ്പു സാർ സ്മൃതി ദിനത്തിൽ പോത്തൻകോട് ടെക്കീസ് പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കൺവീനർ എം. ബാലമുരളി അധ്യക്ഷത വഹിച്ചു. ചെയർമാൻ എം.എ ഉറൂബ്, എം.എ. ലത്തീഫ്, പള്ളിപ്പുറം ജയകുമാർ, സ്കൂൾ മാനേജർ എ. പ്രവീൺ എന്നിവർ പ്രസംഗിച്ചു. ലക്ഷ്മിവിലാസം ഹൈസ്കൂളിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന മുൻ പി. ടി. എ പ്രസിഡൻ്റ്മാരെയും തദവസരത്തിൽ ആദരിച്ചു.






