വെഞ്ഞാറമൂട് : റവന്യു വകുപ്പും പഞ്ചായത്തും തമ്മിലുള്ള വസ്തു ഉടമസ്ഥാവകാശ തർക്കം കാരണം നാഷണൽ ആയുഷ് മിഷൻ അനുവദിച്ച ആയൂഷ് സിദ്ധ ഡിസ്പെന്സറിയുടെയും തെറാപ്പി സെന്ററിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുന്നില്ല. മൂന്ന് മാസങ്ങൾക്ക് മുൻപാണ് മാണിക്കൽ പഞ്ചായത്തിൽ നാഷണൽ ആയുഷ് മിഷൻ ആയൂഷ് സിദ്ധ ഡിസ്പെന്സറിയുടെയും തെറാപ്പി സെന്ററും അനുവദിച്ചത്. പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോലിയക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തായുള്ള സ്ഥലം പഞ്ചായത്ത് കെട്ടിടം നിർമ്മിക്കാൻ നൽകുകയും ചെയ്തു. നാഷണൽ ആയുഷ് മിഷൻ കെട്ടിടം നിർമ്മിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിക്കുകയും, ഡോക്ടർ തെറാപ്പിക്സ്റ്റ് ഉൾപ്പടെയുള്ള ജീവനക്കാരെ വേഗത്തിൽ തന്നെ നിയമിച്ചതിനാൽ കെട്ടിട നിർമ്മാണം പൂർത്തിയാകും വരെ ഡിസ്പെന്സറി പ്രവർത്തിക്കാൻ സമീപത്തെ ഗ്രന്ഥശാല കെട്ടിടവും പഞ്ചായത്ത് തയാറാക്കി നൽകിയിരുന്നു. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിക്കാണ് കെട്ടിട നിർമ്മാണ ചുമതല നല്കിയത്.കെട്ടിടം നിർമ്മിക്കാൻ തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുൻപ് കരാറുകാർ മണ്ണ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സി.പി.ഐ പ്രാദേശിക നേതാക്കളുടെ എതിർപ്പിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർ എത്തി ഇത് പഞ്ചായത്ത് ഭൂമിയല്ലെന്നും റവന്യൂ ഭൂമിയാണെന്നും ഇവിടെ കെട്ടിടം നിർമിക്കാൻ കഴിയില്ലെന്നും സ്മാർട്ട് വില്ലേജ് ഓഫിസ് നിർമ്മിക്കാൻ ഉള്ളതാണെന്നും അറിയിച്ചത്. എന്നാൽ ഈ ഭൂമി പഞ്ചായത്തിന്റെ അധികാരത്തിലാണെന്നും ഇവിടെ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നെതെന്നും ബാക്കിയുള്ള ഭൂമി എങ്ങനെ റവന്യൂ ഭൂമി ആകുമെന്നാന്താണ് പഞ്ചായത്ത് അധികൃതർ ചോദിക്കുന്നത്. തുടർന്ന് ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഇവിടെ നടപ്പിലാക്കേണ്ട പദ്ധതി കാരോട് പഞ്ചായത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായാണ് വിവരം.ഇതോടെ സിദ്ധ ഡിസ്പെന്സറി മാണിക്കൽ പഞ്ചായത്തിൽ കോലിയക്കോട് തന്നെ നിർമ്മിക്കണമെന്ന് കാട്ടി നാട്ടുകാർ സമര പരിപാടികളുമായി രംഗത്ത് എത്തിയിരിക്കുകയായാണ്.കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന ഭൂമി വർഷങ്ങളായി പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഉള്ളതെന്നും റവന്യൂ വകുപ്പുമായുള്ള തർക്കം മന്ത്രി ജി ആർ അനിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എത്രയും വേഗം പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ പറഞ്ഞു.