തിരുവനന്തപുരം: ശബരിമല സ്വർണ്ണ വിവാദവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ബോധപൂർവ്വം കാലതാമസം വരുത്തുന്നതായി പരാതി. തെളിവ് ഹാജരാക്കാനോ വാദം പൂർത്തിയാക്കാനോ പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ തയ്യാറാകാത്തതിനെത്തുടർന്ന് കേസ് നടപടികൾ അനിശ്ചിതത്വത്തിലായി.
2026 ജനുവരി അഞ്ചിന് വാദിഭാഗമായ കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ വാദം പൂർത്തിയാക്കിയിരുന്നു. എന്നാൽ തുടർന്ന് വാദം പറയേണ്ട പ്രതിഭാഗം പന്ത്രണ്ടോളം തവണയാണ് വിവിധ കാരണങ്ങൾ നിരത്തി സമയം നീട്ടിചോദിച്ചത്. ജനുവരി 15 മുതൽ ഇന്നുവരെ കേസ് വിചാരണയ്ക്കായി കോടതി പരിഗണിച്ചപ്പോഴൊക്കെയും ഓരോ കാരണങ്ങൾ പറഞ്ഞ് പ്രതിഭാഗം ഒഴിഞ്ഞുമാറുകയായിരുന്നു.അഭിഭാഷകന് സുഖമില്ലെന്ന കാരണത്താൽ ജനുവരി 17-നും, കാലിന് പരിക്കേറ്റെന്ന് കാട്ടി ഫെബ്രുവരി ആറിനും കേസ് മാറ്റിവെപ്പിച്ചു. സർക്കാരിൽ നിന്ന് ചില രേഖകൾ ലഭിക്കാനുണ്ടെന്ന വാദമാണ് മറ്റ് ചില ദിവസങ്ങളിൽ ഉന്നയിച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു രേഖയും ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്ന് വാദിഭാഗം ചൂണ്ടിക്കാട്ടി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മറ്റൊരു കോടതിയിൽ കേസുണ്ടെന്ന കാരണമാണ് അഭിഭാഷകൻ മുന്നോട്ട് വെച്ചത്.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തനിക്കെതിരെ വിധി വരുന്നത് തടയാനാണ് പ്രതിപക്ഷ നേതാവ് ബോധപൂർവ്വം കേസ് നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാൽ ഇനി സമയം നീട്ടി നൽകാനാവില്ലെന്ന് കോടതി കർശന നിർദ്ദേശം നൽകി. കേസ് മറ്റന്നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അന്ന് പ്രതിഭാഗം വാദം പൂർത്തിയാക്കിയില്ലെങ്കിൽ കോടതി തുടർനടപടികളിലേക്ക് കടന്നേക്കും.






