Saturday, December 27, 2025
Online Vartha
HomeKeralaശബരിമല സുരക്ഷയക്കായി ഫയർ ഫോഴ്‌സ് കവചം, രക്ഷാപ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ സജീവം

ശബരിമല സുരക്ഷയക്കായി ഫയർ ഫോഴ്‌സ് കവചം, രക്ഷാപ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ സജീവം

Online Vartha
Online Vartha

ശബരിമല: സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി ഫയർ ഫോഴ്സ്. സന്നിധാനത്തെ സ്പെഷ്യൽ ഓഫീസർ അഭിലാഷ് കെ. ആർ. ആണ് മൂന്നാം ഘട്ട ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്നത്. ഈ മാസം എട്ടാം തീയതി പുതിയ സംഘം ചുമതലയേറ്റു.പ്രാഥമികമായി അഗ്നിസുരക്ഷയാണ് ലക്ഷ്യമെങ്കിലും, കുഴഞ്ഞുവീഴുന്ന തീർത്ഥാടകരെ ആശുപത്രിയിലെത്തിക്കുന്നതുൾപ്പെടെയുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സേനയുടെ സജീവ പങ്കാളിത്തമുണ്ട്. സീസൺ ആരംഭിച്ച ശേഷം ഇതുവരെ 220-ഓളം കേസുകൾ അറ്റൻഡ് ചെയ്തു. ഇതിൽ തന്നെ ഏകദേശം 200-ഓളം കേസുകൾ കുഴഞ്ഞുവീണവരെ സ്ട്രെച്ചറിൽ എടുത്ത് ആശുപത്രിയിൽ എത്തിച്ചതാണ്. കൂടാതെ, പുല്ലുമേട് വഴിയുള്ള വനപാതയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകരെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുന്നുണ്ട്.

ഇതോടൊപ്പം ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും ഊർജ്ജിതമായി നടക്കുന്നു. സന്നിധാനത്ത് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മറ്റ് വകുപ്പുകളിലെ ജീവനക്കാർക്ക് പ്രാഥമിക അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതിനുള്ള ക്ലാസുകൾ പുരോഗമിക്കുകയാണ്.തീർത്ഥാടനം സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായി ഫയർ സേഫ്റ്റി ഓഡിറ്റും സെക്യൂരിറ്റി ചെക്കിങ്ങും ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകട സാധ്യതകൾ മുൻകൂട്ടി കണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

മരക്കൂട്ടം മുതൽ പാണ്ടിത്താളം വരെയുള്ള ഒൻപത് പോയിന്റുകളിലാണ് ഫയർ ഫോഴ്സ് ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്. വയർലെസ് വോക്കി ടോക്കിയും മൊബൈൽ ഫോൺ സംവിധാനങ്ങളും ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏകോപനവും ശക്തമാക്കിയിട്ടുണ്ട്.യാതൊരു പ്രശ്നങ്ങളുമില്ലാതെ ഈ തീർത്ഥാടനകാലം ഭംഗിയായി പര്യവസാനിക്കുന്നതിന് ഫയർ ഫോഴ്സ് പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ അഭിലാഷ് കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!