തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം. ബാലരാമപുരം റെയിൽവെ ടണലിന് സമീപം വച്ചാണ് മോഷണശ്രമം നടന്നത്. കഴിഞ്ഞ ദിവസം 2.30 ഓടെയായിരുന്നു സംഭവം. നെയ്യാറ്റിൻകരയിൽ നിന്നും പാസഞ്ചർ ട്രയിനിൽ കയറിയ കന്യാകുമാരി വിളവൻകോട് രാമൻതുറ സ്വദേശി ജാക്സൻ (31) ആണ് പിടിയിലായത്. നെയ്യാറ്റിൻകരയിൽ നിന്നുമാണ് ഇയാൾ ട്രെയിനിൽ കയറിയത്. അതേ ബോഗിയിൽ കയറിയ നഴ്സായ 31 കാരിയായ യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല ജാക്സൻ ലക്ഷ്യം വച്ചിരുന്നു. ബാലരാമപുരം ടണലിൽ ട്രയിൻ വേഗത കുറഞ്ഞപ്പോൾ മാല പൊട്ടിച്ച് ട്രയിൽ നിന്ന് ചാടാൻ ശ്രമിച്ചെങ്കിലും ഇയാൾക്ക് മാല ലഭിച്ചില്ല. യുവതി കള്ളനെന്ന് നിലവിളിച്ചു. ട്രാക്കിൽ വീണ് പരിക്കേറ്റ ജാക്സനെ പ്രദേശവാസികളും റെയിൽവേ പൊലീസും ചേർന്ന് ബാലരാമപുരം ആശുപത്രിയിലെത്തിച്ചു. ബാലരാമപുരം പൊലീസും വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. എന്നാൽ പ്രേമനൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്ത് എത്തിയ യുവതി സംഭവത്തെപ്പറ്റി റെയിൽവേ പൊലീസിൽ വിവരമറിയിച്ചതോടെയാണ് പ്രതി മാല പൊട്ടിക്കാൻ ശ്രമിച്ച വിവരം പുറത്തു വരുന്നത്. തുടർന്ന് പാറശാല റെയിൽവേ പൊലീസ് ആശുപത്രിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.