തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച് ഗ്രാമ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നയാൾ പിടിയിൽ. വാഹനത്തിൽ രാത്രിയിലെത്തി വഴിവക്കിൽ മാലിന്യം തള്ളിയിരുന്ന മുളയറ അണമുഖം സ്വദേശി ജെ.ബി. ബിനോയിയെയാണ് കഴിഞ്ഞ ദിവസം അരുവിക്കര പൊലീസ് പിടികൂടിയത്. മാലിന്യം കൊണ്ടുവരുന്നതിനു വേണ്ടി ഇയാൾ ഉപയോഗിച്ചിരുന്ന പിക്കപ്പ് ലോറിയും പൊലീസ് പിടിച്ചെടുത്തു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. നഗര പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അരുവിക്കര, കരകുളം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ സ്ഥിരമായി നിക്ഷേപിക്കുന്നത് പതിവായിരുന്നു. പിക്കപ്പ് വാഹനത്തിന്‍റെ പേരും നമ്പരും മാറ്റിയാണ് ഇയാൾ മാലിന്യങ്ങൾ കൊണ്ടുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ ഹോട്ടലുകൾ, വീടുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് പ്രതി മാലിന്യം ശേഖരിക്കുന്നതെന്നും കേസ് നടപടികളുടെ ഭാഗമായി വാഹനം കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.