ശ്രീകാര്യം : വെഞ്ചാവോടുള്ള ‘എ-വൺ’ ഹോട്ടലിൽനിന്ന് ഷവർമ്മ കഴിച്ച അമ്പതിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശനിയാഴ്ച വൈകുന്നേരം ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. സംഭവത്തെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടൽ അടപ്പിച്ചു.
ഭക്ഷണം കഴിച്ചവർക്ക് ഞായറാഴ്ചയോടെയാണ് ഛർദ്ദി, തലവേദന, വിറയൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്. അസ്വസ്ഥത കഠിനമായതോടെ പലരും മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗം പേരും ഈ ഹോട്ടലിൽനിന്ന് ഷവർമ്മ കഴിച്ചവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വിഷബാധയേറ്റവരുടെ പരാതിയെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തി. ഹോട്ടലിലെ സാഹചര്യം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഉടൻ തന്നെ അടപ്പിക്കാൻ ഉത്തരവിട്ടത്.






