തിരുവനന്തപുരം : ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതായി പരാതി. തിരുവനന്തപുരത്തെ പൂവച്ചൽ കോട്ടാകുഴി തമ്പുരാൻകാവ് ദുർഗാദേവി ക്ഷേത്ര കവാടത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ പടിക്കെട്ടുകൾ പൊളിഞ്ഞത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിൽ വെള്ളം ഒഴിക്കാൻ ക്ഷേത്ര ഭാരവാഹി എത്തിയപ്പോഴാണ് കാണിക്ക വഞ്ചി തകർത്ത നിലയിൽ കാണുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. കാണിക്ക വഞ്ചിയിൽ 30,000ത്തോളം രൂപ ഉണ്ടാകുമെന്നും, അവസാനമായി പണം എടുത്തിട്ട് മൂന്നുമാസം പിന്നിടുന്നതായും പരാതിയിൽ പറയുന്നു. കവാടത്തിനടുത്തെ കാണിക്ക വഞ്ചിയാണ് തകർത്തത്. അതേസമയം ക്ഷേത്രത്തിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ആറുമാസത്തിലൊരിക്കലാണ് കാണിക്കവഞ്ചി തുറന്നു പണം എടുക്കുന്നത്.
സമീപത്തെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചതിൽ നിന്നും രണ്ട് പേർ സമീപത്ത് കൂടി പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. അവസാനമായി പണം എടുത്തിട്ട് മൂന്നുമാസം പിന്നിടുന്നതായും പരാതിയിൽ പറയുന്നു അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.