തിരുവനന്തപുരം : തെരുവുനായ ശല്യം രൂക്ഷം. തിരുവനന്തപുരത്തെ വെങ്ങാനൂർ പഞ്ചായത്തിലെ മംഗലത്തു കോണം പുത്തൻ കാനത്തും പരിസരത്തും തെരുവുനായയുടെ ആക്രമണം ഉണ്ടായത്.പ്രദേശവാസികളായ രണ്ട് പേരെ കടിച്ച തെരുവ് നായ ഓടി രക്ഷപെട്ടു. 49 കാരനായ ഷാജിക്കും മറ്റൊരാളിനുമാണ് കടിയേറ്റത്. ഇരുവരും ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസ തേടി. ഇന്നലെ രണ്ട് സ്കൂൾ കുട്ടികളെ നായ ഓടിക്കുന്നത് നാട്ടുകാർ കണ്ടതിനാൽ കുട്ടികൾക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. സമീപവാസികൾക്ക് നേരെ വഴിയിൽ നിന്നും പലപ്പോഴും കുരച്ച് ചാടുന്നത് പതിവാണിവിടെ. കഴിഞ്ഞ വർഷവും ഇതേ സമയത്ത് രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനും മറ്റ് ആറ് പേർക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. തുടർന്ന് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. നായകളുടെ സ്ഥിരം താവളമായ ഇവിടെ ആരോഗ്യ വകുപ്പിൻ്റെയും പഞ്ചായത്ത് അധികൃതരുടേയും ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.