തിരുവനന്തപുരം: മലയോരങ്ങളിൽ മഴയും കാറ്റും തുടരുന്നു. ഉച്ചയോടെ വീശിയടിച്ച കാറ്റിലും മഴയിലും വിതുര മേഖലയിൽ മരം വീണ് മലയടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വിതുരയിൽ നിന്നും ആര്യനാട്ടേക്ക് പോകുന്ന പാതയിൽ മലയടി, ചെരുപ്പാണിയിലാണ് റോഡിന് വശത്തു നിന്ന മരം കാറ്റിൽ കടപുഴകി വീണത്.
വൈദ്യുതി ലൈനിന് പുറത്തേക്ക് മരം വീണതോടെ പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടു. ഇതുവഴി വാഹനങ്ങളിലെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വിതുരയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. മരം മറിഞ്ഞ് വീണ സമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.