യൂട്യൂബിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് വരുന്ന പരസ്യത്തെ നാമെല്ലാം ശല്യമായാണ് കാണാറുള്ളത്. അത്തരം പരസ്യങ്ങൾ കാണാൻ താല്‍പര്യമില്ലാത്തവർ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യണമെന്നാണ് കമ്പനി പറയുന്നത്. അല്ലാത്തപക്ഷം സൗജന്യ ഉപഭോക്താക്കൾ വീഡിയോ കാണുന്നതിനിടയിൽ വീഡിയോ പോസ് ചെയ്താൽ അപ്പോഴും പരസ്യങ്ങൾ പ്രദർശിപ്പിക്കും.’പോസ് ആഡ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. യൂട്യൂബിന്‍റെ കമ്മ്യൂണിക്കേഷൻ മാനേജറായ ഒലുവ ഫലോഡുൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉപഭോക്താക്കളിൽ നിന്ന് പരമാവധി വരുമാനം കണ്ടെത്താൻ പുതിയ ഫീച്ചര്‍ സഹായിക്കും എന്നാണ് യൂട്യൂബ് കണക്കാക്കുന്നത്. യൂട്യൂബിലെ പരസ്യങ്ങൾ തടയാൻ ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്കുള്ള നിയന്ത്രണങ്ങൾ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. യൂട്യൂബിന് പരസ്യം നൽകുന്ന സ്ഥാപനങ്ങൾ ഈ ഫോർമാറ്റിന് പ്രോത്സാഹനവുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചന. 2023ൽ ഇത് ചുരുക്കം ചിലർക്കിടയിൽ പരീക്ഷിച്ചിരുന്നു. പരീക്ഷണം വിജയമായതോടെയാണ് യൂട്യൂബിൽ ഉടനീളം ഇത്തരം പരസ്യങ്ങൾ കാണിക്കാൻ തീരുമാനിച്ചത്. സ്മാർട് ടിവികളിലും ഫോണിലുമെല്ലാം ആളുകൾ വീഡിയോ പോസ് ചെയ്യുമ്പോൾ പരസ്യം പ്രദർശിപ്പിക്കും. സാധാരണ വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ നിശ്ചിത ഇടവേളകളിലാണ് യൂട്യൂബിൽ പരസ്യങ്ങൾ കാണിക്കാറുള്ളത്.