വെഞ്ഞാറമൂട്. : അമ്മയുടെ പിറന്നാൾ മക്കളുടെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ച സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍. കീഴായിക്കോണത്തിന് സമീപം അമ്പലം മുക്ക് ഗാന്ധി നഗര്‍ സുനിതാ ഭവനില്‍ സുധാകരനാണ്(57)മരിച്ചത്. മക്കളായ ഇരട്ട സഹോദരങ്ങള്‍ നന്ദു എന്നു വിളിക്കുന്ന കൃഷ്ണ(24), ചന്തു എന്ന് വിളിക്കുന്ന ഹരി എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു സംഭവം. സുധാകരന്റെ ഭാര്യയായ സുനിതയുടെ ജന്മ ദിനവുമായി ബന്ധപ്പെട്ട് വീട്ടില്‍ ആഘോഷങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സുധാകരനും ഇളയ മകനായ ആരോമലും ഒരു പക്ഷത്തും മാതാവും മൂത്ത മക്കളായ കൃഷ്ണയും ഹരിയും ഒരു പക്ഷത്തുമായി വീട്ടില്‍ വച്ച് വാക്കേറ്റമുണ്ടാവുകയും കൈയ്യേറ്റത്തില്‍ കലാശിക്കുകയും അത് വീടിന് മുമ്പിലെ റോഡിലേക്ക് മാറുകയും ചെയ്തു. ഇവിടെ വച്ച് ഇളയ മകനായ ആരോമലിനെ മറ്റ് രണ്ട് പേര്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന് സുധാകരനും അടിയേല്ക്കുകയും സമീപത്തെ തോട്ടിലേക്ക് വീഴുകയും ചെയ്തു. തോട്ടില്‍ വീണിട്ടും സുധാകരന് മക്കളില്‍ നിന്നും മർദ്ദനമേൽക്കേണ്ടി വന്നു. ഇതിനിടയില്‍ ബഹളം കേട്ട് നാട്ടുകാര്‍ എത്തി പരിക്കേറ്റ് കിടന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സുധാകരന്‍ താമസിയാതെ മരണമടയുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെഞ്ഞാറമൂട് പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വെഞ്ഞാറമൂട് എസ്എച്ച്.ഒ. രാജേഷ്.പി.എസ്., എസ്.ഐ. ജ്യോതിഷ് ചിറവൂര്‍, ഗ്രേഡ് എസ്.ഐ. മാരായ ബേസില്‍, ജി. ശശിധരന്‍, സീനിയര്‍ സിവിള്‍ പോലീസ് ഓഫീസര്‍ നിഥിന്‍, സിവിള്‍ പോലീസ് ഓഫീസര്‍മാരായ ആകാശ്, വിഷ്ണു, സജീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം സുധാകരന്റെ മൃതദേഹം സംസ്‌ക്കരിച്ചു.