പഴത്തിന് പോഷക ഗുണങ്ങള്‍ ഏറെയാണെന്ന് നമുക്കെല്ലാം ഒരു പോലെ അറിയുന്ന കാര്യമാണ്. പഴം പുഴുങ്ങി, പഴംപൊരിയുണ്ടാക്കി, മറ്റ് പലഹാരങ്ങളില്‍ ചേര്‍ത്ത് അങ്ങനെ വിവിധ രീതിയല്‍ പഴത്തെ നമ്മള്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ എല്ലാ ദിവസവും ഒന്നില്‍ കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഗുണമാണോ?
ദിവസത്തില്‍ ഒന്നിലധികം പഴം കഴിക്കുന്നത് ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല ഇത് രോഗപ്രതിരോധ ശേഷിയെ അടക്കം പിന്തുണയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തെ ബാധിക്കുന്ന പലവിധ അസുഖങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍സിന്റെ പഠനങ്ങള്‍ പ്രകാരം ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുക്കാനും, എളുപ്പത്തിലാക്കാനും സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. ഏത്തപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വയറിന്റെ ആരോഗ്യത്തിനും, ദഹനവ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്ന കേരളത്തില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ് പഴം. പഴത്തിലെ ഡയറ്ററി ഫൈബറാണ് ദഹനസംവിധാനത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകം.
പഴത്തിലെ പൊട്ടാസ്യം ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലനത്തെ നിയന്ത്രിക്കുന്നു. ഇത് വഴി രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും പഴം സഹായിക്കും. ഇതിലെ വൈറ്റമിൻ സി, മഗ്നീഷ്യം, ഫൈബർ എന്നിവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ഊർജം നൽകാനും പഴം സഹായകമാണ്. ശരീരം പഴത്തിലെ കാർബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസ് ആക്കി മാറ്റി ശാരീരിക പ്രവർത്തനങ്ങൾക്കുള്ള ഇന്ധനമായി അതിനെ ഉപയോഗിക്കുന്നു.
ശരീരത്തിലെ അണുബാധ നിയന്ത്രിക്കാൻ സഹായിക്കുന്ന ശ്വേത രക്തകോശങ്ങളുടെ ഉൽപാദനത്തിന് വൈറ്റമിൻ സി ആവശ്യമാണ്. ഇത് പഴത്തിൽ അടങ്ങിയിരിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെയും നീക്കം ചെയ്യാൻ പഴത്തിലെ വൈറ്റമിൻ സി സഹായകമാണ്.