തിരുവനന്തപുരം: ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ലുലു മാളിൽ വിവിധ എക്‌സിബിഷൻ സ്റ്റാളുകളും, എയർ വാരിയർ ഡ്രിൽ ടീമിൻ്റെ പ്രകടനവും വ്യോമസേനാ സിംഫണി ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത വിരുന്നും കാണികളുടെ മനം കവർന്നു.വ്യോമസേനയുടെ കരിയർ സാധ്യതകളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (AFFWA) സ്റ്റാളുകളും, ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ് കമാൻഡോകളും പ്രദർശനത്തിൻ്റെ ഭാഗമായി. കൂടാതെ വിമാനം സ്വന്തമായി പറപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന സിമുലേറ്ററും, ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും, രാജ്യത്തുടനീളമുള്ള ഇൻഡക്ഷൻ പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനമായ ഇൻഡക്ഷൻ പബ്ലിസിറ്റി എക്‌സിബിഷൻ വെഹിക്കിളും (IPEV) പ്രദശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രദർശനം നാളെയും ലുലു മാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ തുടരും, വൈകിട്ട് എയർഫോഴ്സ് ബാൻഡ് അവതരിപ്പിക്കുന്ന പ്രകടനത്തോടെ സമാപിക്കും.