ദില്ലി : ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ഘനവ്യവസായ മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചത് അടുത്ത കാലത്താണ് . പുതിയ വൈദ്യുതിവാഹന (ഇലക്ട്രിക് വാഹന) നയത്തിന് കേന്ദ്രസർക്കാരിന്‍റെ അംഗീകാരവും ലഭിച്ചു. ഇന്ത്യയിൽ വാഹന നിർമ്മാണ യുണിറ്റുകൾ ആരംഭിക്കുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇളവും നല്‍കിയിട്ടുണ്ട്. ഇത് വാഹന വ്യവസായ രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ .
അടുത്ത മാസം മുതൽ ജൂലൈ വരെ ഈ പദ്ധതിക്കായി സർക്കാർ 500 കോടി രൂപ ചെലവഴിക്കും. ഇലക്‌ട്രിക് ടൂവീലറിനും ഇലക്ട്രിക് ത്രീ വീലറിനും വേണ്ടിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഈ പദ്ധതി പ്രകാരം ഓരോ ഇരുചക്ര വാഹനത്തിനും 10,000 രൂപ വീതം നൽകും. ഏകദേശം 3.3 ലക്ഷം ഇരുചക്രവാഹനങ്ങളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത്. ചെറിയ മുച്ചക്ര വാഹനങ്ങൾ (ഇ-റിക്ഷ, ഇ-കാർട്ട്) വാങ്ങുന്നതിന് 25,000 രൂപ വരെ സഹായം നൽകും. ഇത്തരത്തിലുള്ള 41,000-ത്തിലധികം വാഹനങ്ങൾ ഉൾപ്പെടുത്തും. ഒരു വലിയ മുച്ചക്ര വാഹനം വാങ്ങുമ്പോൾ 50,000 രൂപ ധനസഹായം നൽകും.എംഎച്ച്ഐയും,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കിയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഓട്ടോമോട്ടീവ്, ഇലക്ട്രിക് വെഹിക്കിൾ (ഇവി) മേഖലയുടെ വളർച്ചയ്ക്കും വേണ്ടി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണാപത്രം ഒപ്പുവച്ചിരുന്നു.