ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നു നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രത്തിൻ്റെ മൂന്നാർ ഷെഡ്യൂൾ പൂർത്തിയാക്കി ചിത്രം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.പതിനഞ്ചു ദിവസത്തോളം നീണ്ടുനിന്ന ഇവിടുത്തെ ചിത്രീകരണത്തിൽ ചിത്രത്തിലെ നിർണ്ണായകമായ ത്രില്ലർ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടത്.ഒന്നരമാസക്കാലം കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ടാകുമെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് വ്യക്തമാക്കി.
കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കിയാൽ ചിത്രം വിദേശ രംഗങ്ങൾ ചിത്രീകരിക്കുവാനായി പുറപ്പെടും. ഗ്രീസ് ആണ് ലൊക്കേഷൻ.സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തിതരേജ, ദിനേശ് പ്രഭാകർ, ,മാത്യു വർഗീസ്, അജിത് കോശി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യുതിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു ‘ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പൂർണ്ണമായും ആക്ഷൻ ത്രില്ലർ, വയലൻസ് ചിത്രമാണിത്.സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്.ഇൻഡ്യൻ സ്ക്രീനിലെ ഏറെ ഹരമായ രവി ബസ്രൂർ ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.