പോത്തൻകോട് : കാട്ടായിക്കോണത്തിന് സമീപം ശാസ്തവട്ടത്ത് എതിരെ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ കൂട്ടിമുട്ടി അപകടം. പോത്തൻകോട് നിന്നും കിഴക്കേക്കോട്ടയിലേയ്ക്ക് പോയ ജൻറം ബസ്സും കിഴക്കേ കോട്ടയിൽ നിന്നും പോത്തൻകോട്ടേക്ക് വന്ന സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സും തമ്മിലാണ് കൂട്ടിമുട്ടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു അപകടം.
ജൻറം ബസിന്റെ ഇടിയിൽ ഇലക്ട്രിക്ക് ബസ്സിൻ്റെ മധ്യഭാഗത്തെ ഗ്ലാസ് പൊട്ടി റോഡിലും ബസ്സിനുള്ളിലുമായി വീണു. ആ സീറ്റിലിരുന്ന യാത്രക്കാരിക്ക് ചെകിടത്ത് പരിക്കേറ്റു, പിന്നാലെ വന്ന ബസ്സിൽ ഇവർ ആശുപത്രിയിലേക്ക് പോയി. ഇലക്ട്രിക് ബസിലെ ഡ്രൈവർ പരമാവധി റോഡ് ഒഴിച്ചു ഓടയോട് ചേർത്ത് മുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കാതെ ചവിട്ടി നിറുത്തിയതിനാൽ വലിയ അപകടം ഒഴിവായി.
വളവുള്ള റോഡിൽ വശത്ത് സ്ഥലം ഉണ്ടായിരുന്നെങ്കിലും ജൻറം ബസ്സിലെ സ്റ്റിയറിങ്ങിനു ഒടിവു കുറവായതിനാലാണ് ബസ് ശരിക്കും വളയാതെ എതിരെവന്ന ബസിൻ്റെ മധ്യ ഭാഗത്തിൽ ഇടിച്ചത് എന്നാണ് വിവരം. വികാസ് ഭവൻ ഡിപ്പോയിലേതാണ് രണ്ടുബസുകളും. ഇരു ബസ്സുകളും ഡിപ്പോയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കുറച്ചു നേരം ഗതാഗതം തടസ്സപ്പെട്ടു






