തിരുവനന്തപുരം: നമ്പർ പ്ലേറ്റ് തയാറാക്കുന്നതിനിടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വിരൽ മെഷീനിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തിയാണ് കൈ പുറത്തെടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തൈക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നമ്പർപ്ലേറ്റ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരിയായ അനീഷ (24)യുടെ വിരലാണ് ഡിസൈനിങ് മെഷീനിൽ കുടുങ്ങിയത്.
വലതുകൈയിലെ വിരൽ മെഷീനിൽ കുടുങ്ങി പുറത്തെടുക്കാനാകാതായതോടെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം നിലയത്തിൽ നിന്ന് ഗ്രേഡ് എഎസ്ടിഒ ഉല്ലാസിന്റെ നേതൃത്വത്തിൽ സജികുമാർ, ഷഹീർ, ഹരിലാൽ, മനു, സനു, ശ്രീജിത്ത്, പ്രശാന്ത്, ബൈജു എന്നിവർ എത്തി ഹൈഡ്രോളിക് കട്ടർ, ആംഗിൾ കട്ടർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ പരിശ്രമിച്ചാണ് കുടുങ്ങിയ വിരൽ പുറത്തെടുത്തത്.