തിരുവനന്തപുരം : സിപിമ്മിലെ വിഭാഗിയത കരുനാഗപ്പള്ളയിൽ തലവേദനയായതിന് പിന്നാലെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇപ്പോൾ തിരുവനന്തപുരത്തും പൊട്ടിത്തെറിയെ തുടർന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയാണ് ഇറങ്ങിപ്പോയത്. ജില്ലാസെക്രട്ടറി വി. ജോയിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോയത്.
മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. എം ജലീലാണ് പുതിയ ഏരിയ സെക്രട്ടറി. മധു മുല്ലശ്ശേരി പാര്‍ട്ടിയിൽ തുടരാൻ താല്പര്യം ഇല്ലെന്ന് അറിയിച്ച് സംസാരിച്ചിരുന്നു.
ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ ഒരു പക്ഷം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കരുനാഗപ്പള്ളി സിപിഎമ്മിലുണ്ടായ പ്രശ്‌നം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചു.
ഇത്തരം പ്രവണതകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഒറ്റപ്പെട്ടസംഭവമാണിതെന്നുമുള്ള എംവി ഗോവിന്ദന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തും പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടായിരിക്കുന്നത്.