തിരുവനന്തപുരം : ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബർ 3ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും. ഡിസംബർ മൂന്നിന് രാവിലെ എട്ടിന് പ്രാർത്ഥനയും തുടർന്ന് നഗരപ്രദക്ഷിണവും നടക്കും. 10.30ന് സമൂഹപ്രാർത്ഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. 11ന് ജമാഅത്ത് പ്രസിഡന്റ് എം പി അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് എം കെ ബാദുഷ എന്നിവർ പതാക ഉയർത്തും. ഡിസംബർ 12 വരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ മതപ്രഭാഷണം ഉണ്ടാകും
എട്ടാം തീയതി വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് വൈകിട്ട് 6.30ന് പ്രതിഭാ സംഗമം, പത്തിന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന് രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും.
സമാപന ദിവസമായ 13ന് പുലർച്ചെ ഒന്നിന് പ്രാർത്ഥനക്ക് ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും. 1.30ന് നഗരപ്രദക്ഷിണം. നാലിന് കൂട്ട പ്രാർത്ഥനക്ക് അബ്ദുറഹുമാൻ മുത്തുകോയ തങ്ങൾ അൽ ബുഹാരി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എം പി അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ബാദുഷ സൈനി, ട്രഷറർ സബൂർഖാൻ, വൈസ് പ്രസിഡന്റ് എം കെ ബാദുഷ, മുഹമ്മദ് ഇബ്രാഹിം, അസീം, ഹിദായത്ത് സാദത്ത് എന്നിവർ പങ്കെടുത്തു