തിരുവനന്തപുരം :ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലനാട് ശശി പാര്‍ട്ടി വിട്ട് സിപിഐഎമ്മിന് ഒപ്പം ചേര്‍ന്നു. ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയ് തന്നെയാണ് വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ശശി ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്.
വിവി ജോയിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
“ബിജെപി ജില്ലാ നേതാവ് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്ന വാർത്തയുമായാണ് രാവിലെ പര്യടനം ആരംഭിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ശ്രീ നെല്ലനാട് ശശിയാണ് വർഗീയതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് മതനിരപേക്ഷതയ്‌ക്കൊപ്പം അണിനിരക്കാൻ തീരുമാനിച്ചത്. കർഷക മോർച്ച മുൻ ജില്ലാ സെക്രട്ടറി കൂടെയാണ് നെല്ലനാട് ശശി. പ്രിയങ്കരനായ സഖാവിന് അഭിവാദ്യങ്ങൾ.
സംസ്ഥാനത്തിലെയും ജില്ലയിലെയും ബിജെപി നേതാക്കള്‍ പിന്തുടര്‍ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച് പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നെല്ലിനാട് ശശി കൂട്ടിച്ചേര്‍ത്തു.