Sunday, March 3, 2024
Online Vartha
HomeTrivandrum Ruralജില്ലയിലെ അഞ്ച് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആയി,ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി

ജില്ലയിലെ അഞ്ച് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആയി,ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി

Online Vartha
Online Vartha
Online Vartha
തിരുവനന്തപുരം : ജില്ലയിലെ അഞ്ച് വില്ലേജുകളെ സ്മാര്‍ട്ട് വില്ലേജ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ അയിരൂപ്പാറ, ഉളിയാഴ്ത്തുറ, കോവളം നിയോജക മണ്ഡലത്തിലെ വെങ്ങാനൂര്‍, വാമനപുരം നിയോജക മണ്ഡലത്തിലെ നെല്ലനാട്, വാമനപുരം എന്നീ വില്ലേജുകളില്‍ നിര്‍മാണം പൂര്‍ത്തിയായ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ഭൂരഹിതരില്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അര്‍ഹരായ എല്ലാവരെയും ഭൂവുടമകളാക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ടുവര്‍ഷം കൊണ്ട് രണ്ടേകാല്‍ ലക്ഷം പട്ടയങ്ങളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇപ്പോള്‍ മുപ്പതിനായിരത്തോളം പട്ടയങ്ങള്‍ തയ്യാറായിട്ടുണ്ട്. കയ്യേറ്റവും കുടിയേറ്റവും ഒന്നായി കാണാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ദീര്‍ഘകാലമായി ഭൂമി കൈവശം വച്ചിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കുന്നതിന് ഏതെങ്കിലും നിയമങ്ങള്‍ തടസമാണെങ്കില്‍, ഭൂപരിഷ്‌കരണ നിയമത്തിനും ഭൂപതിവ് ചട്ടത്തിനും കോട്ടം വരുത്താതെ ആവശ്യമായ ഭേദഗതികള്‍ വരുത്തും. എന്നാല്‍ അനധികൃതമായി ഏക്കറുകണക്കിന് ഭൂമി കൈവശം വച്ചിരിക്കുന്നവര്‍, എത്ര ഉന്നതരായാലും, സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ ക്രയവിക്രയങ്ങളിലെ തട്ടിപ്പുകള്‍ തടയാന്‍ എന്റെ ഭൂമി എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ നടപ്പിലാക്കിയത് കേരളമാണ്. പരാതികള്‍ കെട്ടിക്കിടക്കാതെ അതിവേഗം തീര്‍പ്പാക്കാന്‍ കഴിയുന്ന വിധത്തില്‍ റവന്യൂ വകുപ്പിനെ സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് വകുപ്പാക്കിയിട്ടുണ്ട്.

പൗഡിക്കോണം ഉളിയാഴ്ത്തുറ വില്ലേജ് ഓഫീസ് അങ്കണത്തിലും കാട്ടായിക്കോണം അയിരൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അങ്കണത്തിലും നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം വേഗത്തില്‍ ലഭിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായി ജോലി ചെയ്യാനും കഴിയുന്ന സംവിധാനങ്ങളോടെയാണ് സ്മാര്‍ട്ട് വില്ലേജുകള്‍ നിര്‍മിക്കപ്പെട്ടതെന്ന് എം.എല്‍.എ പറഞ്ഞു. 47,56,825 രൂപ ചെലവഴിച്ചാണ് ഉളിയാഴ്ത്തുറയില്‍ പൊതുമരാമത്ത് വകുപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത്. ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കായി അഞ്ചുലക്ഷം രൂപയും ചെലവായി. വിശാലാക്ഷിയെന്ന വ്യക്തി സര്‍ക്കാരിന് വിട്ടുനല്‍കിയ മൂന്നുസെന്റ് ഭൂമിയിലാണ് മൂന്ന് നിലകളിലായി ഉളിയാഴ്ത്തുറ വില്ലേജ് ഓഫീസ് നിര്‍മിച്ചത്.

റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 42,45,000 രൂപ ചെലവിട്ട് നിര്‍മിതി കേന്ദ്രമാണ് അയിരൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങുകളില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് , രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.
വാമനാപുരം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന വാമനാപുരം – നെല്ലനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രകാരം 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വാമനാപുരം, നെല്ലനാട് വില്ലേജ് ഓഫീസുകള്‍ നിര്‍മിച്ചത്. 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വെങ്ങാനൂരിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ എം.വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷനായി.

ജില്ലയിലെ 124 വില്ലേജുകളില്‍ 76 എണ്ണം സ്മാര്‍ട്ട് വില്ലേജുകളായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 51 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. 20 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. വിവിധ സേവനങ്ങള്‍ക്കായി വില്ലേജ് ഓഫീസിലെത്തുന്നവര്‍ക്ക് തടസമില്ലാതെയും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ പണിയുന്നത്. ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പു കേന്ദ്രം, ഇരിപ്പിട-കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ഭിന്നശേഷി സൗഹൃദ റാംപുകള്‍ തുടങ്ങിയ സൗകര്യങ്ങളും ആധുനിക രീതിയില്‍ പണികഴിപ്പിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!