തിരുവനന്തപുരം : സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നാണ് തൊഴിൽ മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്